നാലാഴ്ചയ്ക്കകം ഗോള്‍ഫ് ക്ലബ്ബ് ഒഴിയണമെന്ന് ഹൈക്കോടതി
fullstoryphoto തിരുവനന്തപുരം: ഏറെനാള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നാലാഴ്ചയ്ക്കകം ക്ലബ്ബ് ഒഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2008 ജൂണിലാണ് ഗോള്‍ഫ് ക്ലബ്ബ് ആദ്യം സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനെതിരെ ക്ലബ്ബ് ഭാരവാഹികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഏറ്റെടുക്കല്‍ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ക്ലബ്ബ് സര്‍ക്കാരിന് വിട്ടുകൊടുക്കേണ്ടിവന്നു. നിയമപ്രകാരം നിശ്ചിത സമയം നല്‍കി നോട്ടീസ് കൊടുത്തും ക്ലബ്ബ് ഭാരവാഹികളുടെ ഭാഗം കേള്‍ക്കുകയും ചെയ്തശേഷമേ അത് ഏറ്റെടുക്കാവൂയെന്ന് കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ആദ്യം നോട്ടീസ് നല്‍കിയ രീതിയെ നിശിതമായി കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലബ്ബും അതിരിക്കുന്ന സ്ഥലവും സര്‍ക്കാരിന്റേതാണെന്നും നിയമപ്രകാരം നോട്ടീസ് നല്‍കി അതേറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂസംരക്ഷണ നിയമപ്രകാരമുള്ള വ്യവസ്ഥ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ക്ലബ്ബ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി. ഹിയറിങ്ങിന് അവരെ വിളിക്കുകയും ചെയ്തു. ഹിയറിങ് രണ്ടുപ്രാവശ്യം ക്ലബ്ബ് അധികൃതരുടെ ആവശ്യപ്രകാരം മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന ഹിയറിങ്ങില്‍ ക്ലബ്ബ് അധികൃതര്‍ അവരുടെ ഭാഗം വിശദീകരിച്ചു. എന്നാല്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാര്‍ ക്ലബ്ബ് ഭാരവാഹികളുടെ വാദം തള്ളി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍ സ്വീകരിച്ച ഒഴിപ്പിക്കല്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗോള്‍ഫ് ക്ലബ്ബ് സമര്‍പ്പിച്ച ഹര്‍ജി കോടതി ചെലവ് സഹിതം തള്ളി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ലൈസന്‍സ് വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. സ്‌പോര്‍ട്‌സിന്റെയും പ്രത്യേകിച്ച് ഗോള്‍ഫിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ക്ലബ്ബില്‍ ഇപ്പോള്‍ മറ്റ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിനാല്‍ ക്ലബ്ബിന്റെ ആവശ്യം അനുവദിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലബ്ബിന്റെ സ്‌റ്റേ ആവശ്യം നിരസിച്ചത്.
പക്ഷപാതപരമായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒഴിപ്പിക്കല്‍ തീരുമാനമെടുത്തുവെന്നാണ് ക്ലബ്ബിന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കാന്‍ ഒരു രേഖയും ക്ലബ്ബ് ഹാജരാക്കിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന് മുന്നിലുള്ള രേഖകള്‍വെച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒഴിപ്പിക്കല്‍ ഉത്തരവിടാന്‍ മാത്രമേ സാധിക്കുകയുള്ളു. വേറെ ഏതെങ്കിലും ഉദ്യോഗസ്ഥനെ ഹീയറിങ്ങിന് ഏല്പിച്ചാലും ഒഴിപ്പിക്കല്‍ മാത്രമായിരിക്കും പോംവഴിയെന്നും കോടതി വിധിയില്‍ പറയുന്നു.
കല്യാണാഘോഷങ്ങളും സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്ത പരിപാടികളും നടത്തി ലൈസന്‍സ് വ്യവസ്ഥകള്‍ ക്ലബ്ബ് ലംഘിച്ചുവെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കുളത്തൂര്‍ എസ്.വി. പ്രേമകുമാരന്‍ നായരുടെ വാദം കോടതി അംഗീകരിച്ചു. ക്ലബ്ബില്‍വച്ച് നടത്തിയ ഒരു കല്യാണത്തിന്റെ കുറി കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയതും പരിഗണിച്ചു.
ക്ലബ്ബ് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ക്ലബ്ബിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ക്ലബ്ബ് സെക്രട്ടറി രഘുചന്ദ്രന്‍ നായര്‍ കോടതിയെ സമീപിച്ചത്.
സ്‌റ്റേ ആവശ്യം തള്ളിയ ഉടന്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ് വേണമെന്ന് ക്ലബ്ബിന്റെ അഭിഭാഷകന്‍ വാക്കാല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു.
Goa holidays