ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ.ടി.മേഖലയും കിഴക്കന്‍ തീരത്തിനടുത്തുള്ള ആണവ നിലയങ്ങളും എണ്ണശുദ്ധീകരണ ശാലകളും തീവ്രവാദ ഭീഷണിയിലാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള വ്യക്തമാക്കി.
ലോകത്തില്‍ ഒന്നാംസ്ഥാനത്തുള്ള നമ്മുടെ ഐ.ടി.കമ്പനികള്‍ തീവ്രവാദ ഭീഷണി തിരിച്ചറിഞ്ഞ് അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
7500 കിലോമീറ്ററോളം വരുന്ന തീരദേശത്തെ സുരക്ഷാ സംവിധാനത്തിലെ പഴുതുകള്‍ അടയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററും റിലയന്‍സ് ഇന്‍ഡസ്‌ട്രീസും ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ പടിഞ്ഞാറന്‍ തീരമേഖലയിലാണ്.
ഇന്റലിജന്‍സ് സംവിധാനം ശക്തമായതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ചെറുക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ഖണ്ഡിലെ ഡൂണ്‍സ്‌കൂളും വുഡ്‌സ്റ്റോക്ക് സ്‌കൂളും ഗോവയിലെ ഹോട്ടലുകളും ആക്രമിക്കാന്‍ ലഷ്‌കര്‍ പദ്ധതിയിട്ടിരുന്നു. ഡേവിഡ് ഹെഡ്‌ലിയുടെ കാര്യത്തില്‍ നമുക്ക് വീഴ്‌ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.