രാഷ്ട്രീയ ഇടപെടലുകളും ചുവപ്പുനാടകളും ഇന്ത്യന്‍ ശാസ്ത്ര പുരോഗതിക്ക് തടസ്സമാകുന്നു
fullstoryphoto തിരുവനന്തപുരം: രാഷ്ട്രീയ ഇടപെടലുകളും ചുവപ്പുനാടകളും ഇന്ത്യന്‍ ശാസ്ത്ര പുരോഗതിക്ക് തടസ്സമാകുന്നു.
വൃദ്ധജനങ്ങളുടെ ആരോഗ്യപരിപാലനമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന മുഖവുരയോടെ ഇന്ത്യന്‍ ശാസ്ത്ര രംഗത്തിന്റെ വളര്‍ച്ചയും നേട്ടങ്ങളും പങ്കുവെക്കുന്ന 97-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തു.
കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ രാവിലെ 10 ന് നടന്ന ചടങ്ങില്‍ കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ് ഗവായ്, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്ര സഹമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, വയലാര്‍ രവി, എം.എ ബേബി, ഡോ.മാധവന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ശാസ്ത്രരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിതലമുറ സൗരോര്‍ജ്ജത്തെയും ആണവോര്‍ജ്ജത്തെയുമാണ് കൂടുതല്‍ ആശ്രയിക്കേണ്ടത്. കോപ്പണ്‍ഹേഗണ്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പരിമിതമായ വിജയം മാത്രമെ കൈവരിക്കാന്‍ കഴിഞ്ഞുളളു. രാഷ്ട്രീയ ഇടപെടലുകളും ചുവപ്പുനാടകളും ഇന്ത്യന്‍ ശാസ്ത്ര പുരോഗതിക്ക് തടസ്സമാകുന്നു. വിദേശത്തുളള ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ സമ്മാന ജേതാക്കളായ പ്രൊഫ. റോജര്‍ സിയനും ജോണ്‍ സി.മാത്തറിനും ഇന്ത്യന്‍ ശാസ്ത്രരംഗത്തെ പ്രമുഖര്‍ക്കും പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. ജനവരി 7 വരെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും ഗവേഷണ വിദ്യാര്‍ഥികളും കാര്യവട്ടത്ത് ഒത്തുചേരും. ഉദ്ഘാടനത്തിന് ശേഷം, ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ആശയമായ 21ാം നൂറ്റാണ്ടിലെ ശാസ്ത്രസാങ്കേതിക വെല്ലുവിളി ദേശീയ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന പ്രമുഖ ശാസ്ത്രജ്ഞര്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. നൊബേല്‍ സമ്മാന ജേതാക്കളായ പ്രൊഫ. റോജര്‍ സിയനും ജോണ്‍ സി.മാത്തറും ഉള്‍പ്പെടെ ഒട്ടേറെ ക്ഷണിതാക്കള്‍ ശനിയാഴ്ച തന്നെ തലസ്ഥാനത്ത് എത്തി. ശനിയാഴ്ച വൈകീട്ട് 5.30 ന് പ്രധാന വേദിയില്‍ പ്രൊഫ. റോജര്‍ സിയന്റെയും പ്രൊഫ. സി.ആര്‍.ആര്‍.റാവുവിന്റെയും പ്രഭാഷണമുണ്ടായിരുന്നു. ശാസ്ത്ര കോണ്‍ഗ്രസ്സിലെ മറ്റ് സമ്മേളനങ്ങള്‍ പ്രതിനിധികള്‍ക്ക് മാത്രമാണെങ്കിലും വൈകുന്നേരങ്ങളിലെ പ്രഭാഷണം കേള്‍ക്കാന്‍ പൊതുജനത്തിനും അവസരമുണ്ട്.
അമേരിക്കന്‍ ബയോ കെമിസ്റ്റായ റോജര്‍ സിയന്‍ 'ഗ്രീന്‍ ഫ്ലറസന്‍സ് പ്രോട്ടീ'ന്റെ കണ്ടുപിടിത്തത്തിനാണ് 2008 ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. സെല്‍ ബയോളജിയിലും ന്യൂറോ ബയോളജിയിലും വിപ്ലവകരമായ മാറ്റത്തിനാണ് റോജര്‍ സിയന്റെ ഗവേഷണം വഴിതെളിച്ചത്. സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഫാര്‍മക്കോളജി പ്രൊഫസറാണ് അദ്ദേഹം.
ഉച്ചയ്ക്ക് 'രാജ്യത്തിനായുള്ള ശാസ്ത്രപരിപാടി' എന്ന സെമിനാറില്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും മേധാവികള്‍ പങ്കെടുക്കുന്നുണ്ട്. ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ഇന്ത്യയുടെ അഭിമാനം എന്ന പ്രദര്‍ശനവും ഉണ്ടാകും.
Goa holidays