ഇന്ത്യയില്‍ നിന്നുള്ള കാട്ടാന നേപ്പാളില്‍ 11 പേരെ കൊന്നു
കാഠ്‌മണ്ഡു: അസം കാടുകളില്‍ നിന്ന്‌ നേപ്പാളിലെത്തിയ കാട്ടാന സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11 പേരെ കൊന്നു.
രണ്ടു മൃഗങ്ങളും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നേപ്പാളിലെ സിന്ധുളി, ധനുഷ, ഉദയ്‌പുര്‍ ജില്ലകളിലാണ്‌ ആന ഭീതി വിതയ്‌ക്കുന്നത്‌.
സിന്ധുളി ജില്ലയില്‍ മൂന്നുപേരും ഉദയ്‌പുരിലും ധനുഷയിലും നാലുപേര്‍ വീതവുമാണ്‌ കൊല്ലപ്പെട്ടത്‌. ആനയുടെ ആക്രമണത്തിനെതിരെ ഭരണകൂടം ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ഒറ്റയ്‌ക്ക്‌ സഞ്ചരിക്കരുതെന്നും കാടിനു സമീപം പോകരുതെന്നുമുള്ള ജാഗ്രതാ നിര്‍ദേശം പ്രാദേശിക റേഡിയോ നിലയങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും ജനങ്ങള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.
കലിയിളകിയ കാട്ടാനയെ ആരാധിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ സിന്ധുളിവാസിയായ ഗോവിന്ദ്‌ കട്‌വാള്‍ (18) കൊല്ലപ്പെട്ടത്‌. ആനയുടെ കഴുത്തില്‍ പൂമാല ചാര്‍ത്താനൊരുങ്ങിയ ഗോവിന്ദിനെ ആന തുമ്പിക്കെയില്‍ എടുത്ത്‌ എറിയുകയായിരുന്നു. സിന്ധുളിയില്‍ ഒരു പശുവിനെയും പശുക്കുട്ടിയെയും കൂടി ആന കൊന്നു.
Goa holidays