ബോളിവുഡ് താരം ശില്പഷെട്ടിയോട് ബ്രിട്ടീഷുകാര്‍ക്കുള്ള ഇഷ്ടം ഒന്നുവേറെത്തന്നെ. 2007ല്‍ 'സെലിബ്രിറ്റി ബിഗ്ബ്രദര്‍' റിയാലിറ്റി ഷോയിലൂടെ തന്നെ അത് തെളിഞ്ഞതാണ്. തങ്ങളുടെ മനംകവര്‍ന്ന താരം വിവാഹിതയായപ്പോള്‍ വരവേല്പ് എങ്ങനെ ഗംഭീരമാക്കാമെന്നായിരുന്നു ആരാധകരുടെ ആലോചന.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ശില്പയ്ക്കും വരന്‍ രാജ്കുന്ദ്രയ്ക്കും സ്വീകരണമൊരുക്കിക്കൊണ്ടാണ് അവര്‍ ആദരവു വെളിപ്പെടുത്തുന്നത്. ബുധനാഴ്ചയാണ് ശില്പയ്ക്കും രാജിനും സ്വീകരണം നല്കുന്നത്. ഒരു ബ്രിട്ടീഷ്മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കീത്ത്‌വാസ് എം.പി. ഉള്‍പ്പെടെയുള്ളവരാണ് ഈ സ്വീകരണച്ചടങ്ങിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ടൊരിടത്ത് വിവാഹസ്വീകരണം സംഘടിപ്പിക്കുന്നതില്‍ എല്ലാവരും ആവേശത്തിലാണെന്നും വാര്‍ത്തയുണ്ട്.
ഇന്ത്യയില്‍ നടന്നതിനേക്കാള്‍ ഒട്ടും മോശമാവരുത് താരത്തിന് ബ്രിട്ടനില്‍ ലഭിക്കുന്ന സ്വീകരണമെന്ന വാശി ചടങ്ങു സംഘടിപ്പിക്കുന്നവര്‍ക്കുണ്ടത്രെ. ബിഗ് ബ്രദര്‍ ഷോയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് വ്യവസായിയായ രാജിനെ ശില്പ പരിചയപ്പെട്ടത്. കഴിഞ്ഞ നവംബര്‍ 22നാണ് അവര്‍ വിവാഹിതരായത്.