ഇന്ത്യയുടെ ഔദ്യോഗിക കമ്പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാന്‍ ചൈനീസ്‌ ശ്രമമെന്ന്‌ നാരായണന്‍
fullstoryphoto ലണ്ടന്‍: ഇന്ത്യയുടെ ദേശരക്ഷ ഉപദേഷ്ടാവ്‌ എം.കെ. നാരായണന്റെ ഓഫീസിലെയും മറ്റു ചില സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ്‌ 'ഹാക്കര്‍'മാര്‍ കഴിഞ്ഞ മാസം ശ്രമിച്ചെന്ന്‌ വെളിപ്പെടുത്തല്‍ .
ബ്രിട്ടീഷ്‌ പത്രം 'ദ ടൈംസി'ന്‌ അനുവദിച്ച അഭിമുഖത്തില്‍ എം.കെ. നാരായണന്‍ തന്നെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. തന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ക്കാന്‍ ആദ്യമായല്ല ചൈനീസ്‌ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടാവുന്നതെന്നും നാരായണന്‍ പറഞ്ഞു.
ഇന്ത്യന്‍ വകുപ്പുകളിലെ കമ്പ്യൂട്ടര്‍ശൃംഖല തകര്‍ക്കാന്‍ ശ്രമമുണ്ടായ ഡിസംബര്‍ 15-നുതന്നെ തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയുടെനേരെയും ചൈനീസ്‌ 'ഹാക്കര്‍'മാരുടെ ആക്രമണം നടന്നതായി അമേരിക്കന്‍ കമ്പനികള്‍ അറിയിച്ചിരുന്നു. 'ട്രോജന്‍' എന്ന വൈറസ്‌ അടങ്ങിയ പി.ഡി.എഫ്‌. ഫയല്‍ അറ്റാച്ച്‌ ചെയ്‌ത ഇ-മെയിലിന്റെ രൂപത്തിലാണ്‌ ആക്രമണമുണ്ടായത്‌.
ഇതുവഴി ഹാക്കര്‍ക്ക്‌ കമ്പ്യൂട്ടര്‍ ഫയലുകള്‍ ഡൗണ്‍ ലോഡ്‌ ചെയ്യാനും നശിപ്പിക്കാനും കഴിയും. വൈറസ്‌ കണ്ടുപിടിച്ച്‌ ഉദ്യോഗസ്ഥര്‍ അത്‌ ഒഴിവാക്കുന്നതുവരെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയാണ്‌ തകര്‍ക്കല്‍ശ്രമം പരാജയപ്പെടുത്തിയത്‌. ചൈനക്കാരാണ്‌ ഇതിനു പിന്നിലെന്ന്‌ ഉറപ്പാണ്‌. എന്നാല്‍ കൃത്യമായകേന്ദ്രം കണ്ടെത്താന്‍ പ്രയാസമാണ്‌- നാരായണന്‍ പറഞ്ഞു.
എന്നാല്‍, അമേരിക്കയുടെ പ്രതിരോധ കരാറുകാരെയും സാമ്പത്തിക, സാങ്കേതിക വിദ്യാ കമ്പനികളെയും ലക്ഷ്യമാക്കി നടന്ന 'ഹാക്കിങ്ങി'ല്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്നു ചൈന വ്യക്തമാക്കിയിരുന്നു. ഏതുരൂപത്തിലുള്ള ഹാക്കിങ്ങും ചൈനയില്‍ നിരോധിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Goa holidays